‘സെല്ലുലോയിഡി’ലൂടെ സംവിധായകന്‍ കമല്‍ പറഞ്ഞത്‌ സത്യം മാത്രമാണെന്നും, കെ. കരുണാകരനെയോ മലയാറ്റൂര്‍ രാമകൃഷ്‌ണനെയോ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്നും ജെ.സി. ഡാനിയേലിന്റെ ഇളയ മകന്‍ ഹാരിസ്‌ ഡാനിയേല്‍. സിനിമയിലൊരിടത്തും കരുണാകരനെ കുറിച്ച്‌ യാതൊന്നും പരാമര്‍ശിക്കുന്നില്ല എന്നും ഡാനിയേലിന്റെ പുത്രന്‍ ചൂണ്ടിക്കാട്ടുന്നു.

ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും ചെലവിട്ടും ഏറെ അദ്ധ്വാനിച്ചുമാണ്‌ തന്റെ പിതാവ്‌ ജെ.സി. ഡാനിയേല്‍ ‘വിഗതകുമാരന്‍’ എന്ന മലയാളത്തിലെ ആദ്യ സിനിമ നിര്‍മ്മിച്ചത്‌. അദ്ദേഹത്തിന്റെ ജീവിതത്തോടും കലയോടും നീതി പുലര്‍ത്തിക്കൊണ്ടാണ്‌ കമല്‍ സെല്ലുലോയിഡ്‌ ചിത്രീകരിച്ചതെന്നും ഹാരിസ്‌ അഭിപ്രായപ്പെട്ടു.

മലയാളത്തിലെ ആദ്യത്തെ ചലനചിത്രം യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി സ്വന്തം സമ്പാദ്യവും ജീവിതവും മുഴുവന്‍ നഷ്‌ടപ്പെടുത്തിയിട്ടും വിസ്‌മരിക്കപ്പെട്ടു കിടന്ന ജെ.സി. ഡാനിയേലിനെക്കുറിച്ച്‌ ആദ്യമായി പുറംലോകത്തോട്‌ പറഞ്ഞത്‌ പ്രമുഖ പത്രപ്രവര്‍ത്തകനും മലയാള സിനിമയുടെ ചരിത്രകാരനുമായ ചേലങ്ങാട്ട്‌ ഗോപാലകൃഷ്‌ണനാണ്‌. ഇപ്പോള്‍ സിനിമയെന്ന ശക്‌തമായ മാധ്യമത്തിലൂടെ വിഗതകുമാരന്റെ സൃഷ്‌ടാവിന്റെ ജീവിതത്തെ ആദരിക്കാനും പുതിയ തലമുറയ്‌ക്ക്
പരിചയപ്പെടുത്താനുമുള്ള കമലിന്റെ ശ്രമത്തോട്‌ ആദരവാണുള്ളത്‌. വിമര്‍ശനം ഉന്നയിക്കുന്നവര്‍ ഇക്കാര്യം മനസിലാക്കണമെന്നും ഹാരിസ്‌ പറയുന്നു.

ആറുവയസിന്റെ അറിവില്ലായ്‌മയില്‍ അഗസ്‌തീശ്വരത്തെ വീട്ടില്‍ ഒരു പഴയ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ‘വിഗതകുമാരന്റെ’ ഫിലിം ചുരുളുകള്‍ കേവല രസത്തിനോ കൗതുകം കൊണ്ടോ താന്‍ വലിച്ച്‌ പുറത്തിട്ട്‌ കത്തിച്ചു കളയുകയായിരുന്നുവെന്ന്‌ സെല്ലുലോയിഡിന്റെ പ്രദര്‍ശനോദ്‌ഘാടന വേളയില്‍ ഹാരിസ്‌ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തുകയുണ്ടായി. താനങ്ങനെ ചെയ്യുമ്പോള്‍ മലയാളത്തിലെ ആദ്യ സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ ഇറങ്ങി പുറപ്പെട്ട്‌ സര്‍വ്വതും നഷ്‌ടമായി വീട്ടില്‍ തിരിച്ചെത്തിയ പിതാവ്‌ മൂക സാക്ഷിയായി ഒരു ചാരു കസേരയില്‍ കിടന്നിരുന്നതായും ഹാരിസ്‌ പറഞ്ഞു. സിനിമയുടെ പിന്നാലെ പോയി ജീവിതം കൈവിട്ടുപോയതിനാല്‍ ജീവിതത്തോടും സിനിമയോടും ഒരേ പോലെ തോന്നിയ മടുപ്പിനാലാവും അന്ന്‌ അദ്ദേഹം താന്‍ ഫിലിം ചുരുളുകള്‍ കത്തിക്കുന്നതു കണ്ടിട്ടും ഒന്നും പ്രതികരിക്കാതിരുന്നതെന്നും ഹാരിസ്‌ അഭിപ്രായപ്പെട്ടു. കമല്‍ ‘സെല്ലുലോയിഡി’ലും ഇക്കാര്യം ദൃശ്യവത്‌ക്കരിച്ചിട്ടുണ്ട്‌